സ്വാഗതം...............

ബോറടിക്കുമ്പോ.. വായിച്ച് കൂടുതൽ ബോറാകാൻ.....

Friday, July 9, 2010

മാമ്പഴം

 ഞാൻ 5 ലൊ 6 ലൊ ആണ്. സകല വിധ ലൊടുക്കു പണിക്കും ഞാൻ ആണു മുൻപിൽ എന്ന കാര്യം പ്രത്യേകം പറയണ്ടല്ലൊ.!!! സ്കൂൾ വേനൽ അവധിക്കു പൂട്ടിയസമയം. പരീക്ഷക്ക് പോലും സമയത്തിനു എണീക്കാത്ത ഞാൻ സ്കൂൾ അടച്ചാൽ പിറ്റേ ദിവസം നേരം പര പരാ വെളുക്കുന്നതിനു മുൻപെ എണീക്കും... എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി ചെന്ന് കുറേ ശുദ്ധ വായു വലിച്ചു കേറ്റും... അങ്ങനെ ഫുൾ ചാർജ് ചെയ്ത ശേഷം പറമ്പിലേക്കിറങ്ങും.( തെറ്റിധരിക്കരുത്...വേറെ ഒന്നിനും അല്ല....toilet വീടിനോട് ചേർന്നു തന്നെ ഉണ്ടായിരുന്നു..)..

അമ്മക്കു 1 വയസ്സുള്ളപ്പൊ പണിത വീട്ടിൽ ആണ് ഞങ്ങൾ താമസിക്കുന്നത്..ആ വീടിനോടു ചേർന്ന് ഉണ്ടായിരുന്ന കുറച്ചു പാടം അമ്മയുടെ അച്ഛൻ വാങ്ങി. എന്നിട്ട് കുറേ തോട് കീറി വശങ്ങളിൽ തെങ്ങിൻ തൈയും അടക്കാമരവും നട്ടിരുന്നു.. ഞാൻ ഒക്കെ ഉണ്ടായപ്പൊഴെക്കും അതെല്ലാം വലുതായി...

അതൊക്കെ പോട്ടെ...
അപ്പൊ ഞാൻ പറമ്പിലെത്തി.. ആദ്യത്തെ പണി പറമ്പിൽ കെട്ടിയിരിക്കുന്ന...ഞങ്ങൾ  ഓല കൊണ്ട് ഉണ്ടാക്കിയ “കൊച്ചു പെര“ വീണിട്ടില്ല എന്നു ഉറപ്പു വരുത്തുക എന്നതാണ്..(മുൻപത്തെ കഥയിൽ പറഞ്ഞിട്ടുള്ള എന്റെ കസിൻസ് അന്ന് 10 ലും pre-degree ക്കും പഠിക്കുന്നു ... ഒടുക്കത്തെ ജാഡ... അവരൊക്കെ വലിയ ആളുകളായി എന്ന ഭാവം..)

എന്റെ അമ്മക്കു 3, 4 ചേട്ടന്മാരുണ്ടായിരുന്ന കാരണം കസിൻസിന്റെ എണ്ണത്തിനു കുറവൊന്നും ഉണ്ടായില്ല..അങ്ങനെ  എന്റെ അനിയത്തീടെ പ്രായമുള്ള ഒരു കസിനേ കൂടെ കളിക്കാൻ കിട്ടി..ഞങ്ങൾ 3 പേരും കൂടെയാണ് വേലി കെട്ടാൻ വച്ചിരിക്കുന്ന ഓല എടുത്ത് “പെര” കെട്ടുന്നത്... കുറച്ചു ദിവസം കഴിയുമ്പോൾ പറമ്പ് കിളക്കാനും വേലി കെട്ടാനും വരുന്ന രാഘവൻ അതെല്ലാം പീസ് പീസാക്കി വേലി കെട്ടാൻ എടുക്കും...

ഈ കൊച്ചു പെര കെട്ടിയിരിക്കുന്നത് നല്ല പഴമാങ്ങ കിട്ടുന്ന വലിയ ഒരു മാവിന്റെ ചുവട്ടിലാണ്.. ശരിക്കും അത് 2 മാവുകൾ മുട്ടി നിന്നു വളർന്നതാണ്.. പക്ഷെ അതിൽ ഒരു മാവിൽ മാത്രേ മാങ്ങ ഉണ്ടാവൂ....ഞങ്ങൾ അത് പഴുക്കാൻ കാത്തിരിക്കും...ഞങ്ങൾ മാത്രമല്ല.. ആ പ്രദേശത്തുള്ളവർ മുഴുവനും... നാട്ടുകാരുടെ മുഴുവൻ കണ്ണും ഈ മാവിൽ തന്നെ ആയതു കാരണം വെളുപ്പാൻ കാലത്ത് ചെന്ന് പെറുക്കിയില്ലെങ്കിൽ മാമ്പഴം കിട്ടില്ല.... അങ്ങനെ വീണു കിടക്കുന്ന മാമ്പഴം എല്ലാം പെറുക്കിയെടുത്ത് വീട്ടിൽ കൊടുക്കും.. ആ മാമ്പഴ പുളിശ്ശേരീടേ സ്വാദ് ഇപ്പൊഴും നാവിലുണ്ട്...

രാവിലത്തെ ചായകുടി കഴിഞ്ഞാൽ ഞങ്ങൾ മൂന്ന് പേരും കൊചു പെരയിൽ ഹാജരുണ്ടാകും... വീഴുന്ന ഓരോ മാമ്പഴവും പെറുക്കി എടുത്ത്, പെരയിൽ തൂക്കിയിട്ടിട്ടുള്ള, ഓണത്തിനു പൂ പറിക്കാൻ വാങ്ങിയ പൂകൂടയിൽ നിക്ഷേപിക്കും... പെരക്കകത്ത് വരുന്നവർക്ക് ഇരിക്കാനായി ആരും കാണാതെ വല്ല മുണ്ടൊ ഷീറ്റോ ( ഈ ഞാൻ!!!!!) എടുത്തോണ്ട് വരും..( ബാക്കിയുള്ള 2 കഴുതകളുടേയും നേതാവ് ഞാനായിപ്പോയില്ലേ.!!ഹും!!)..നല്ല ഷീറ്റ് നശിപ്പിച്ചതിനു തല്ലു വേറെ കിട്ടും..

പൂക്കൂട നിറഞ്ഞു കഴിഞ്ഞാൽഅത് എത്രയും വേഗം വയറ്റിലാക്കുക എന്നതാണ് അടുത്ത ജോലി.ആ ഭാരിച്ച ജോലിക്ക് ശേഷം വല്ലതും ബാക്കിയുണ്ടെങ്കില് വീട്ടിലേക്ക് കൊടുക്കും. അങ്ങനെ ആ മാവ് എത്രയോ കാലം ഞങ്ങൾക്ക് മാമ്പഴം തന്നിരിക്കുന്നു...
ആ മാവ് ഈ അടുത്ത കാലത്താണ് വെട്ടിക്കളഞ്ഞത്... സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പെരപ്പുറത്തേക്കു ചാഞ്ഞാൾ വെട്ടണം എന്നാണല്ലൊ... അങ്ങനെ അതിന്റെ ആയുസ്സ് തീർന്നു. എങ്കിലും ആ മാവിന്റെ അഭാവം സ്രുഷ്ടിച്ച ശൂന്യതയിലേക്ക്  നോക്കിയിരിക്കുമ്പോൽപഴയ ഓർമ്മകൽമനസ്സിൽ വല്ലാതെ തിങ്ങി നിറയുന്നു...ഒപ്പം ആ മാമ്പഴത്തിന്റെ മധുരവും.............